Saturday, August 10, 2013

# ഇത് കേരളം 
................................................
ദേവാസിലെ കമ്മട്ടത്തിന് വിശ്രമമില്ലാത്ത ദിവസം. കുറെ പുതിയ നോട്ടുകൾ ഉടനെ പുറത്തിറക്കണം. അച്ചടിയുടെ മേൽനോട്ടം അത്ര എളുപ്പമല്ല. പ്രജകളുടെ കഷ്ടപ്പാട് കണ്ട് മടുത്തു. അധികസമയം ചെലവഴിച്ചാണ് ലക്ഷ്മിദേവി ഒരു വിധം ജോലി തീർത്തത്. ഇന്നു തന്നെ മടങ്ങണം. നാളെ ഉച്ചക്ക് മുൻപ് ആദ്യ റൌണ്ട് നോട്ടുകളുടെ വിതരണം തുടങ്ങുമെന്നുറപ്പാക്കി ദേവി പുറത്തിറങ്ങി.
ദേവലോകം ബോർഡ് വെച്ച 'പുഷ്പക്' ഹെലികോപ്റ്റർ പറന്നുയർന്നു. നാട്ടിലിറങ്ങിയാൽ ശരിക്കും കോലം കേട്ടു പോകും. മുടിയെല്ലാം ചീകിയൊതുക്കി, വസ്‍ത്രമെല്ലാം നേരെയാക്കുമ്പോളാണ് മടിക്കുത്തിൽ തിരുകിയ 2000 ത്തിന്റെ കുറച് നോട്ടുകൾ ശ്രദ്ധയിൽ വന്നത്. അവയിൽ ചിപ്പിനുള്ള സ്ലോട്ടുണ്ടോ എന്ന് നോക്കാൻ മാറ്റി വെച്ചതായിരുന്നു. പിന്നെയതങ്ങു മറന്നു. നാടൻ സാധനങ്ങളൊന്നും ദേവലോകത്തു കേറ്റില്ല. "മെയ്ഡ് ഇൻ ദേവലോകം" എന്ന മുദ്ര ഇല്ലെങ്കിൽ 'കസ്റ്റംസ് ഡ്യൂട്ടി'യും 'ജി. എസ്. ടി' യും അടക്കേണ്ടി വരും. ഇനിയെന്തു ചെയ്യും? പരശുരാമൻ തഹസീൽദാറായിരുന്നപ്പോൾ പതിച്ചു കിട്ടിയ നാടിനെക്കുറിച് പെട്ടെന്നോർമ്മ വന്നു. കോപ്ടറിൽ നിന്ന് അതെല്ലാം ചുരുട്ടിക്കൂട്ടി അങ്ങോട്ട് നീട്ടിയെറിഞ്ഞു. ചുരുളഴിഞ്ഞു പലയിടത്തായാണവ വീണത്. പലർക്കായി കിട്ടി.
അഞ്ചാം ക്‌ളാസ്സിലെ കുട്ടിയത് സൈക്കിൾ മണിയായി കുടുക്കയിലിട്ടു. മൽസ്യത്തൊഴിലാളിയത് മഴക്കാലത്തെ പട്ടിണി മാറ്റാൻ പ്ലാസ്റ്റിക് കവറിലാക്കി കുടിലിന്റെ ഓലപ്പാളിയിൽ തിരുകി. സ്‌കൂളിലെ തൂപ്പുകാരിയത് കാലൊടിഞ്ഞ മേശയും കസേരയും കുത്തിനിറച്ച മുറിയിലെ തന്റെ രഹസ്യ സമ്പാദ്യപ്പെട്ടിയിലിട്ടു.
...................
അടുത്ത സീസണിലെ കണക്കെടുപ്പിനു വരുന്ന വഴി ദേവി അവരെയെല്ലാം കണ്ട് പണം തിരികെ ചോദിച്ചു. എല്ലാറ്റിനും ഒരു കണക്ക് വേണമല്ലോ.
കുടുക്കയിലെ പണമെല്ലാം ദുരിതാശ്വാസത്തിനു നൽകിയെന്ന് പറഞ്ഞു കുഞ്ഞു കരഞ്ഞു തുടങ്ങി.
ജനക്ഷേമ ബഡ്ജറ്റിലേക്ക് തുക വക മാറ്റിയെഴുതി, ദേവി കുഞ്ഞിനെ ചേർത്ത് പിടിച് ആശ്വസിപ്പിച്ചു.
"മഴ വെള്ളത്തിൽ മുങ്ങിയ വീടുകളിലുള്ളവരെ രക്ഷിക്കാൻ വഞ്ചിയെടുത്തു പോയപ്പോൾ ആ പണമെടുത്താണ് ഞാൻ എണ്ണ വാങ്ങിയത്". രണ്ടാമന്റെ മൊഴി കേട്ട് അതും വക മാറ്റിയെഴുതി. മനസ്സിൽ അവരെ അനുഗ്രഹിച്ചു . ദേവി അടുത്ത ഇടം തേടി പോയി.
"ആ പെരുമഴയത്തു എത്ര പേരാണ് വീട് വിട്ട് ഈ സ്‌കൂളിൽ വന്നു താമസമാക്കിയത്... ചൂല്, പായ, കാപ്പിപ്പൊടി... എന്തെല്ലാമാണ് അന്ന് വാങ്ങി കൂട്ടിയത്. എന്റെ പെട്ടി കാലിയായത് തന്നെ ഞാൻ അറിഞ്ഞില്ല". തൂപ്പുകാരിയുടെ മുഖത്ത് അഭിമാനത്തിന്റെ തിളക്കമുണ്ടായിരുന്നു... ഒന്ന് ചുംബിക്കണമെന്നു തോന്നി.... ദേവിയായിപ്പോയില്ലേ... അതും വക മാറ്റിയെഴുതി ദേവി നടന്നു.. 
അടുത്തത് വലിയൊരു കെട്ടിടമാണ്, മുറ്റത്ത് കാറുകൾ, അകത്ത്‌ തന്റേയൊരു പഴയ ചിത്രം. ദേവി പറഞ്ഞു തീരും മുൻപേ മറുമൊഴിക്ക് ചെവി കൊടുക്കേണ്ടി വന്നു. 
"അതു ഞാൻ വക്കീലിന് കൊടുത്തു പോയല്ലോ... ഞങ്ങളുടെ ശമ്പളത്തിൽ നിന്ന് കയ്യിട്ടു വാരാനുള്ള ശ്രമത്തിനെതിരായിരുന്നു കേസ്. വിധി ഞങ്ങൾക്കനുകൂലമാണ്... 
ഇനി ഈ പണമെല്ലാം സർക്കാർ തിരിച്ചു കൊടുക്കേണ്ടി വരും... അങ്ങിനെ തന്നെ വേണം.... എന്തായിരുന്നു അഹങ്കാരം...". 
അയാളുടെ മുഖത്ത് ഭീഷ്മരെ തോൽപ്പിച്ച ശിഖണ്ഡിയുടെ ഭാവം. 
"പേമാരിയിൽ മുങ്ങി രക്ഷക്കായി നെഞ്ചുരുകി പ്രാർത്ഥിച്ചവർക്ക് വേണ്ടി എന്തെങ്കിലും ചെലവായിട്ടുണ്ടെങ്കിൽ അത് കഴിഞ്ഞുള്ളത് മതി." 
 ദേവി ക്ഷമയും വിനയവും കൈവിട്ടില്ല. കുറേ കാലമായില്ലേ ധനകാര്യം കയ്യാളുന്നു. എത്ര കൊള്ളപ്പലിശക്കാരേയും കള്ളപ്പണക്കാരെയും കണ്ടതാ? പലരും ശ്രീകോവിലിനടുത്തു വന്ന് നിന്ന് ഇതും ഇതിനപ്പുറവും പറയാറുണ്ട്. ഇത്തരക്കാരെ കൈകാര്യം ചെയ്ത് ദേവിക്ക് നല്ല പരിചയവുമാണ്.
"എന്നാലും ..ഇതത്ര ശരിയായ രീതിയല്ല. തന്നത് തിരിച്ചു വാങ്ങുന്നത് എവിടത്തെ ആചാരമാണ്?" അയാൾ നിർത്താനുള്ള ഭാവമില്ല.
"ഇയാൾക്കെന്നെ മനസ്സിലായില്ലെന്നുണ്ടോ?" ആ വാക്കുകൾ പുറത്തു വരാതെ ചങ്കിൽ തന്നെ കുരുങ്ങി കിടന്നു. ദേവി ടാബ് ഓൺ ചെയ്തു. ഗൂഗിൾ മാപ്‌സിൽ ഈ വീട് കണ്ടെത്തി. അങ്ങോട്ട് തിരിച്ചു വെച്ച സി സി ടി വി ദൃശ്യങ്ങൾ ഓടിച്ചു നോക്കി. ദേവിക്ക് സ്വന്തം കണ്ണുകളേയും കാതുകളേയും വിശ്വസിക്കാനാകുന്നില്ല. ഇങ്ങോട്ട് വരേണ്ടിയിരുന്നില്ല. ദേവി മനസ്സിനെ ശാന്തമാക്കി. സ്പൈ ക്യാമറകൾക്ക് നന്ദി പറഞ്‌, "കണ്ണേ മടങ്ങുക ..." കവിത ചൊല്ലി , ടാബും നാൾവഴിയും മടക്കി ദേവി അവിടെ നിന്നിറങ്ങി.
അടുത്തതൊരു ചെറിയ വീടാണ്.
അയാളുടെ പണമാണെങ്കിൽ ക്യാൻസർചികിത്സക്ക് ചെലവായി.. 
ദേവി ഒന്നാലോചിച്ചു . "അത് വേറെ കണക്കല്ലേ ? സ്വന്തം ആവശ്യത്തിന് ചെലവാക്കിയത്...അതേ സമയം അയാൾ ഒരു രോഗിയും ആണ്. ഇയാളോടെങ്ങിനെ ഞാൻ നീതി പുലർത്തും..?" 
 ലക്ഷ്മി ദേവി ധർമ്മസങ്കടത്തിലായി ...
"ആ ഭാഗത്തു നിന്ന് 10 സെന്റ്, ഞാൻ വീടില്ലാത്തവർക്ക് വീട് വെക്കാൻ നൽകിയിട്ടുണ്ട് ..."
ദേവിയുടെ വിഷമം മനസ്സിലായ അയാൾ തന്റെ പുരയിടത്തിലേക്കു ചൂണ്ടിപ്പറഞ്ഞു.
എല്ലാ കണക്ക് കൂട്ടലുകളും തെറ്റിയ ദേവി അവിടെ നിന്ന് മെല്ലെ നടന്നു... 
ടാബും നാൾവഴിയും ആറ്റിലേക്കെറിഞ്ഞും കൊണ്ട് ... 
സ്വന്തം നാടിന്റെ കാറ്റും പച്ചപ്പും ആസ്വദിച്ചും കൊണ്ട്... 
ഇനിയും ഇടക്ക് ഇതു വഴി വരണമെന്ന് തീർച്ചപ്പെടുത്തിക്കൊണ്ട് ...
കറിയാച്ചന് ക്വട്രോച്ചിയെ പോലെയാവണമെന്നായിരുന്നു മോഹം . എട്ടിൽ തോറ്റതും പഠനം നിർത്തിയതുമെല്ലാം ഒരു ദുരന്തമായി കാണുന്നത് ഈ ചിന്ത മനസ്സിലെത്തുമ്പോഴാണ് . മൂന്നാം വട്ടവും തോറ്റപ്പോൾ കറിയാച്ചൻ ദില്ലിക്ക് വണ്ടി കയറി . കഷ്ടപ്പാടുകൾ നിറഞ്ഞ ആദ്യത്തെ 5 വർഷം കൊണ്ട് ഹിന്ദിയും ഇംഗ്ലീഷും പഠിച്ചു . അറിയപ്പെടുന്ന ഒരു നേതാവിന്റെ വീട്ടിൽ കയറിപ്പറ്റിയതാണ് ജീവിതം മാറ്റിമറിച്ചത് . അതിഥികൾക്ക് ചായ നൽകലും നേതാവിന്റെ വ്യക്തിപരമായ കാര്യങ്ങളുമല്ലാതെ കറിയാച്ചന് വേറെ പണിയൊന്നുമില്ലായിരുന്നു . അങ്ങിനെ ജീവിതം പച്ചപിടിച്ച കാലത്താണ് മുകളിൽ പറഞ്ഞ മോഹമുദിച്ചത് ........അന്ന് ഇന്ത്യ മുഴുവൻ കുലുങ്ങിയിട്ടും ക്വട്രോച്ചി മാത്രം കുലുങ്ങിയില്ല ....... അസാധ്യമായത് ഒന്നുമില്ലെന്ന് കരുതിയ നെപ്പോളിയൻ പോലും ഈ സാഹചര്യത്തിൽ ഒന്ന് കിടുങ്ങിപ്പോയേനെ എന്ന് കറിയാച്ചൻ ഓർത്തിട്ടുണ്ട് ...... അതിനു ശേഷം ഇന്ത്യ കണ്ട മഹാസംഭവങ്ങൾ ക്വട്രോച്ചി എത്ര നിസ്സാരക്കാരനാണെന്ന് തെളിയിച്ചിട്ടുണ്ട് ..... ലക്ഷവും കോടിയും കഴിഞ്ഞു സംഖ്യകളു ണ്ടെന്നു ആദ്യം കറിയാച്ചന് അറിയില്ലായിരുന്നു . കാൽക്കുലേറ്ററിൽ കൊള്ളാത്ത സംഖ്യകളുണ്ടെന്ന് പിന്നീടാണ് അങ്ങേർക്കു മനസ്സിലായത്‌ . ഈ വലിയ സംഖ്യകൾ എങ്ങിനെയാണ് കണക്കാക്കുകയെന്നു ഒരു കംപ്യുട്ടെർ വിദഗ്ദ്ധനോട് കറിയാച്ചൻ ചോദിച്ചിരുന്നു ......അതിനു കിട്ടിയ ഉത്തരവും കംപ്യുട്ടെർ ഭാഷയിലായിരുന്നു ....... മെഗാ ബൈററ് , ഗിഗാ ബൈററ് , ടെറാ ബൈററ് എന്നതെല്ലാം പഴയ കണക്കാണ് .... ഇപ്പോൾ 'ബിഗ്‌ ഡാറ്റ ' എന്നതാണ് പ്രയോഗം .....വിശദീകരണവും വന്നു ............. ഫേസ് ബുക്കിൽ ഓരോ നിമിഷവും കോടിക്കണക്കിനാളുകൾ എന്തെല്ലാമാണ് കാട്ടിക്കൂട്ടുന്നത് ....ഇതൊന്നും കൃത്യമായി രേഖപ്പെടുത്താൻ RDBMSനോ ടെറാബൈററിനോ സാധിക്കില്ല കറിയാച്ചാ .........
ഇത്രക്കൊന്നും മനസ്സിലാക്കാൻ കറിയാച്ചനു കഴിയില്ല എങ്കിലും കറിയാച്ചനുള്ളത് സമയാസമയങ്ങളിൽ കറിയാച്ചന്റെ കയ്യിൽ തന്നെയെത്തും . രണ്ടാഴ്ച മുൻപ് ഒരു ചായസല്ക്കാരത്തിനിടയിലാണ് ഗ്യാസിന്റെ വില ഇരട്ടിയാക്കാനുള്ള ചർച്ച ശ്രദ്ധയിൽ പെട്ടത് . അരി ഭക്ഷണം കഴിക്കുന്ന ആളായതുകൊണ്ട് , അത് പാചകവാതക സിലിണ്ടറിന്റെ വിലയല്ലെന്നു മനസ്സിലായി . കറിയാച്ചൻ പുറത്തിറങ്ങി ഫോണിലൂടെ അടക്കം പറഞ്ഞത് ഒരു പതിവുകാരനോട് ......അന്ന് റിലയൻസിന്റെ ഓഹരി വില 780 രൂപ....... രണ്ടാഴ്ചകൊണ്ടത് 880 ആയി ......കറിയാച്ചന്റെ കമ്മീഷൻ ഒരു കോടി ......"ബിഗ്‌ മണി" ഏറ്റു വാങ്ങാൻ കറിയാച്ചന്റെ ജീവിതം ഇനിയും ബാക്കി ......
ടെന്നീസ് ബാറ്റും , ക്രിക്കറ്റ്‌ ബാറ്റും കണ്ടുപിടിച്ചതാരെന്നറിയില്ല . എന്നാൽ കൊതുകു ബാറ്റ് കണ്ടുപിടിച്ചത് ചൈനക്കാരാണ് . ഒരു രൂപ ലാഭമെടുത്ത് കോടിക്കണക്കിനു ബാറ്റുകൾ വിറ്റ് കോടീശ്വരൻമാരാവുന്നത് എങ്ങിനെയെന്നതും അവരാണ് കണ്ടുപിടിച്ചത് . ചാനലുകാർ അംഗീകരിച്ചിട്ടില്ലെങ്ങിലും ഈ ബാറ്റുകളി ജനങ്ങൾ അംഗീകരിച്ച മട്ടാണ് . വീട്ടുകാർ സായഹ്നങ്ങളിൽ സീരിയല് കാണുമ്പോൾ കുട്ടികൾ ബോറടി മാറ്റുന്നത് ഈ ബാറ്റുകൊണ്ട് പടക്കം പൊട്ടിച്ചു കളിച്ചാണ് . ജോലി സമയം ഉല്ലാസകരമാക്കുന്നതിന്റെ ഭാഗമായി ഈയിടെ തൃശൂർ ജില്ലാ ട്രഷറിയിലും ഈ വിനോദം പരീക്ഷിക്കുന്നതു കണ്ടു .ഒരു പെണ്‍കുട്ടിയായിരുന്നു ബാറ്റിംഗ് നടത്തി കൊണ്ടിരുന്നത് . ഊഴമനുസരിച്ച് കസേരയിലിരിക്കുന്നവർ ഓരോരുത്തരായി ബാറ്റിങ്ങിനിറങ്ങും. ഈ വിനോദം നശിക്കാതിരിക്കാൻ കോർപ്പറേഷൻ അധികൃതരും ശ്രദ്ധിക്കുന്നുണ്ട് .
ഒരു പഴയകാല ഓർമയാണ് ......1990ലെ....
ലക്ഷദ്വീപിലെ അന്ത്രോത്തിൽ ഹൈസ്കൂൾ അദ്ധ്യാപകനായി ഡെപ്യുട്ടേഷനിൽ പോകാൻ കിട്ടിയ അവസരം ഉപയോഗിച്ചതാണ് . കപ്പലും കടലും ദ്വീപും ഒക്കെ കാണാനൊരു മോഹം . കൊച്ചിയിൽ നിന്ന് രണ്ടു ദിവസം മുൻപ് ടിക്കറ്റ് കിട്ടി... വെറും 26 രൂപ .... ലക്ഷദ്വീപ് ആദയകരമാണെന്നു തോന്നി ...അവിടെ ഒരു രൂപയ്ക്ക് ഊണ് കിട്ടുമായിരിക്കും .....അന്വേഷിച്ചപ്പോൾ കപ്പൽ പുറപ്പെട്ട് രണ്ടു ദിവസം കഴിഞ്ഞാണ് അന്ത്രോത്തിൽ എത്തുക എന്നറിഞ്ഞു . വലിയൊരു കോണി വഴിയാണ് കപ്പലിനകത്ത് കയറുന്നത് . രണ്ടു ദിവസം മുൻപ് ടിക്കറ്റ് എടുത്തതല്ലേ ഒരു സീറ്റെങ്കിലും കാണും എന്ന് കരുതിയതു തെറ്റിപ്പോയി . കപ്പലിനകം ഏതാണ്ട് ഉത്സവപ്പറമ്പ് പോലെ .... എല്ലായിടത്തും ജനം ചുരുണ്ടു കൂടി കിടക്കുന്നു . ഏറ്റവും മുകളിൽ പൊരിവെയിലത്ത്‌ മാത്രം സ്ഥലമുണ്ട് . കപ്പൽ കുറച്ചു ദൂരം സഞ്ചരിച്ചു കഴിയുമ്പോഴാണ് 'കടൽ ചൊരുക്ക് ' പിടിക്കുമോ ?ഛർദ്ദിക്കുമോ ? എന്നൊക്കെ ശങ്കയായത്‌ ....പിന്നങ്ങോട്ട് പൊരിവെയിലത്ത് ഷീറ്റും വിരിച്ചു കിടപ്പ് . 48 മണിക്കൂർ(2 ദിവസം) കഴിഞ്ഞാണ് കപ്പൽ അന്ത്രോത്തിൽ എത്തുന്നത്‌ . അതിനിടക്ക് മിനിക്കോയ് , കവരത്തി ദ്വീപുകൾ പിന്നിട്ടിരുന്നു . കയറിയ കോണി വഴി ഇറങ്ങാൻ കഴിയില്ലെന്ന് ഇതിനിടയ്ക്ക് എനിക്ക് മനസ്സിലായിരുന്നു . ദ്വീപിൽ നിന്ന് വളരെ അകലെയാണ് കപ്പൽ നങ്കൂരമിടുക . കപ്പലിൽ നിന്ന് ചെറുവഞ്ചിയിലേക്ക് ആളെ ഇറക്കിയാണ് ദ്വീപിലെത്തിക്കുക . എന്റെ കയ്യിലുള്ള രണ്ടു സ്യുട്ട്കെയ്സും ഒരു ബാഗുമായി ഞാൻ വഞ്ചിയിലേക്ക് ഇറങ്ങണം . സെപ്റ്റംബർ മാസത്തിലെ കടൽ പരുക്കനായിരുന്നു . വഞ്ചി കപ്പലിനോടടുക്കാൻ വളരെ പ്രയാസപ്പെട്ടു. വളരേ വേഗത്തിൽ അടുത്തു വരികയും അതേ വേഗത്തിൽ അകന്നു പോകുകയും ചെയ്തു . അതുപോലെ വളരേ അധികം ഉയർന്നു വരികയും അതേ വേഗത്തിൽ വളരെ താഴ്ചയിലേക്ക് പോകുകയും ചെയ്തു . എന്നിട്ടും ആളുകൾ ഇറങ്ങുകയും കയറുകയും ചെയ്യുന്നുണ്ടായിരുന്നു . നാലഞ്ച് പേരുടെ സഹായത്താൽ സ്ത്രീകളെ ഇറക്കുന്നത്‌ ഒരു കാഴ്ച തന്നെ ആയിരുന്നു . എന്റെ പെട്ടി ഇറക്കാൻ സഹായിക്കാമെന്നേറ്റ ഒരാൾ എപ്പോഴോ ഇറങ്ങിപ്പോയിരുന്നു . ദ്വീപിൽ പോയി തിരിച്ചു വന്ന ഒരാൾ 'ഇയാളിതു വരെ ഇറങ്ങിപ്പോയില്ലേ ' എന്ന് പറയുന്നുണ്ടായിരുന്നു . ഇവിടെ കടലിന് എന്ത് ആഴം കാണും എന്ന എന്റെ ചോദ്യത്തിന് കിട്ടിയ മറുപടി എനിക്ക് മനസ്സിലായില്ല...... . അതിനിടക്ക് പലതവണ ഈ കപ്പലിൽ തന്നെ തിരിച്ചു പോകുന്നതിനെക്കുറിച്ച് ഞാൻ ആലോചിച്ചു . ഏതാണ്ട് മൂന്ന് മണിക്കൂർ കഴിഞ്ഞപ്പോൾ എന്റെ ചിന്ത എങ്ങിനെയെങ്കിലും ബോട്ടിലേക്ക് ചാടുക എന്നായി മാറി . അപ്പോൾ അടുത്തു വന്ന ഒരു ബോട്ടിലേക്ക് മറ്റൊന്നും ആലോചിക്കാതെ ഞാൻഎടുത്തു ചാടി . എനിക്ക് സമാധാനമായി .......ഞാൻ ബോട്ടിൽ തന്നെയുണ്ട്‌ . അപ്പോഴേക്കും വഞ്ചി കപ്പൽ വിട്ടു നീങ്ങാൻ തുടങ്ങിയിരുന്നു . എന്റെ രണ്ടു സ്യുട്ട്കെയ്സും കപ്പലിൽ തന്നെയാണെന്ന് അപ്പോഴാണ്‌ ഞാൻ തിരിച്ചറിഞ്ഞത് . എന്റെ വിളിച്ചുകൂവലിനു തീരെ ശബ്ദം പോരായിരുന്നു . കേൾക്കാനും ആളില്ലായിരുന്നു .... ഞാൻ സങ്കടത്തിലായി ..... അടുത്ത ബോട്ടിൽ കപ്പലിലേക്ക് തന്നെ തിരിച്ചു പോരാൻ ബോട്ടിലുള്ളവർ ഉപദേശിച്ചു . കടുത്ത നിരാശ എന്റെ ഭയത്തെ കീഴ്പ്പെടുത്തി . അടുത്ത ബോട്ടിൽ ഞാൻ തിരിച്ചു കപ്പലിനടുത്തെത്തി . തിരിച്ചു കപ്പലിലേക്ക് ചാടി കയറുമ്പോൾ ആടിയുലയുന്ന ബോട്ടോ കടലോ എന്നെ അലോസരപ്പെടുത്തിയില്ല . സ്യുട്ട്കെയ്സുകൾ ഒരിടത്തുമില്ല .... അന്വേഷിച്ചു ... അടുത്ത ബോട്ടിൽ കൊണ്ടുപോയിക്കാണുമെന്ന് ചിലർ .... നിരാശ ഇരട്ടിയായി .... തിരിച്ചു അടുത്ത ബോട്ടിൽ ദ്വീപിലേക്ക് ....... ആ യാത്രയിലാണ് എന്റെ മണ്ടൻ തീരുമാനങ്ങളെക്കുറിച്ച് ഞാൻ ചിന്തിച്ചത് . എത്ര പേരാണ് ഈ യാത്രയെ എതിർത്തത് ....... അപ്പൊയിന്റ്മെന്റ് ഓർഡർ പോലുമില്ലാതെ അവർ എന്നെ ജോലിക്ക് കയറ്റില്ല........ ഇനിയെന്ത് ചെയ്യും ? ഒരു മനുഷ്യന്റെ ഏറ്റവും വലിയ നിസ്സഹായാവസ്ഥ ഇതാണെന്നെനിക്ക് തോന്നി . ബോട്ട് ദ്വീപിലെത്തി..... കടൽപ്പാലത്തിലൂടെ നടക്കുമ്പോൾ എനിക്ക് മുന്നിൽ ഇരുട്ട് മാത്രമായിരുന്നു . എന്നിട്ടും ഞാൻ നടന്നു ......... അറ്റത്ത്‌ രണ്ടു പോലീസുകാർ നില്ക്കുന്നു ...... അപരിചിതനായ എന്നെ അവർ ശ്രദ്ധിക്കുന്നതായി എനിക്ക് മനസ്സിലായി . അപ്പോഴാണ് അവരുടെ പുറകിലിരുന്ന രണ്ടു സ്യുട്ട്കെയ്സുകളും എന്റെ കണ്ണിൽ പെട്ടത് . എന്റെ എല്ലാ തെറ്റിധാരണകളും മാറ്റിക്കൊണ്ട് ഒരുപാടു പേർ എന്നെ സഹായിക്കാനെത്തി ...പിന്നെ രണ്ടു കൊല്ലം അവിടെയായിരുന്നു .
September 5, 2018
അയിനിക്കാട്........
തോളൂർ പഞ്ചായത്തിലെ
31 കുടുംബങ്ങൾ താമസിക്കുന്ന തുരുത്ത്
പ്രളയത്തിൽ തകർന്ന 
വീടുകൾ താമസയോഗ്യമല്ലാത്തതിനാൽ 
പലരും ഇപ്പോഴും ക്യാമ്പിൽ
......................................
ഇന്ന് അദ്ധ്യാപക ദിനം
.....................................
അദ്ധ്യാപികയായ ഭാര്യയോടൊത്ത്
ആ തുരുത്തിലേക്കായിരുന്നു ഇന്നത്തെ യാത്ര
അവിടത്തെ 8 വീട്ടിലെ കുട്ടികൾ
പുറനാട്ടുകര ബോയ്സ് സ്കൂളിൽ പഠിക്കുന്നുണ്ട്.
കുടുംബാംഗങ്ങളോട് സംസാരിച്ചും
അവരുടെ പ്രശ്നങ്ങൾ കേട്ടും കുറച്ചു നേരം ചിലവഴിച്ചു
ഓരോ കുട്ടിക്കും 5 ലിറ്ററിന്റെ
ഓരോ പ്രഷർകുക്കർ വീതം നൽകി.
നിഷ്കളങ്കരായ മനുഷ്യർ.
അടുത്ത മാസം ഉൽസവത്തിന്
ഞങ്ങളെ ക്ഷണിച്ചിട്ടുണ്ട് അവർ
.................................
മകനും നിഖിലും കൂട്ടുകാരനും അയച്ചു തന്ന
പണം കൊണ്ടാണ് 45 പ്രഷർ കുക്കർ വാങ്ങിയത്.
ബാക്കി ഞങ്ങളുടെ പഞ്ചായത്തിൽ(അടാട്ട്)
നാളെ വിതരണം ചെയ്യും .
സ്ക്കൂളിലെ ക്യാമ്പ് അവസാനിച്ചതിന്റെ
അടുത്ത ദിവസങ്ങളിൽ എഴുപതോളം കുടുംബങ്ങൾ
സന്ദർശിച് ലഘു സാമ്പത്തിക സഹായം നൽകിയിരുന്നു.
അപ്പോൾ തന്നെ കൂടുതൽ പ്രശ്നങ്ങൾ
അനുഭവിക്കുന്നവരാരെന്ന് ശ്രദ്ധയിൽ പെട്ടിരുന്നു .
വീടുകൾ കാണിച്ചുതന്നും ആവശ്യമായ നിർദ്ദേശങ്ങൾ തന്നും
ഞങ്ങളോടൊപ്പം നിന്ന SUBASH .K .S ,
E .K .CHANDRAN ,RAMDAS VELU ,
SURESH ,MURALI ADAT
എന്നിവരോടുള്ള സ്നേഹം ഇവിടെ പങ്കുവെക്കുന്നു
വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ നിന്ന് ഒരു കത്ത് ലഭിച്ചിരിക്കുന്നു. ഉപജില്ലയിൽ വാടക കെട്ടിടത്തിൽ ഉള്ള 7 സർക്കാർ സ്കൂളുകളിൽ RTE ACT നടപ്പിലാക്കുന്നതിനു നേരിടുന്ന പ്രശ്നങ്ങൾ റിപ്പോർട്ട്‌ ചെയ്യാൻ നിർദേശം .......RTE ACTനു മുൻപ് പ്രശ്നങ്ങളില്ലായിരുന്നു. കുടിവെള്ളമോ,മൂത്രപ്പുരയോ,ടോയ്ലെറ്റൊ ഉണ്ടോ എന്നും, ചോരുന്ന കെട്ടിടമാണോ എന്നും ആരും വേണ്ടവിധം നോക്കിയിരുന്നില്ല . സർക്കാർ സ്കൂളുകളിലെ മാറി മാറി വരുന്ന അദ്ധ്യാപകർക്ക് എന്ത് ചെയ്യണമെന്ന് പലപ്പോഴും അറിയില്ലായിരുന്നു. വാടക കെട്ടിടമായതിനാൽ ഗ്രാമപഞ്ചായത്തിന് പണം മുടക്കാനവില്ല. സ്വന്തം കെട്ടിടത്തിനു മാത്രമേ SSA മെയിന്റനൻസ് ഗ്രാന്റ് നല്കൂ. പണം എങ്ങിനെയെങ്കിലും ഒപ്പിച്ചാലോ , കെട്ടിടത്തിന്റെ ഉടമ സമ്മതിക്കില്ല. 80 മുതൽ 120 വരെ വർഷങ്ങളുടെ പഴക്കമുള്ള സ്കൂളുകളാണ്. പ്രീ KER എന്നാണോ, പ്രീ Independence എന്നാണോ, പ്രീ world war I എന്നാണോ കെട്ടിടങ്ങളെ വിളിക്കേണ്ടതെന്നറിയില്ല. പ്രതിമാസ വാടക 80 രൂപ മുതൽ തുടങ്ങും. സ്ഥലവില തന്നെ ഇപ്പോൾ കോടികൾ വരും. സ്കൂൾ ഇല്ലാതാകേണ്ടത് landlord ന്റെ ആവശ്യം. ഇത്തരം പാർശ്വവല്ക്കരിക്കപ്പെട്ട വിദ്യാലയങ്ങളെ (100 വർഷം കഴിഞ്ഞ സ്കൂളുകളെ 'പൈതൃക' വിദ്യാലയങ്ങളെന്ന് കേന്ദ്ര സർക്കാർ വിളിക്കുന്നു )RTE ACT രക്ഷിക്കുമോ എന്നാണ് ശേഷിക്കുന്ന ചോദ്യങ്ങളിലൊന്ന് ...........

1:30(ഒരു നുണക്കഥ)
പരിചയമില്ലാത്ത നമ്പരിൽ നിന്ന് ഒരു കോൾ .നേരിൽ കാണണം .അനുവദിച്ചു .അര മണിക്കൂറിനകം കക്ഷി ഓഫീസിലെത്തി .മകന്റെ ജോലിക്കാര്യം .തസ്തിക LPSA സംഖ്യ 16 ലക്ഷം .കഴിഞ്ഞ വർഷം ദിവസവേതനത്തിൽ വെച്ചപ്പോൾ ഒരു ലക്ഷം കൊടുത്തു .പുതിയ വർഷത്തിൽ 2 ഡിവിഷൻ കിട്ടിയെന്നു മാനേജർ ."ഇക്കൊല്ലം 1:30 ആണ് പുതിയ 2 ഡിവിഷൻ കിട്ടിക്കഴിഞ്ഞു .ഒന്നിൽ ആളെ വെച്ചു .നിങ്ങൾ അഡ്വാൻസ്‌ തന്നതുകൊണ്ടാണ് ഞാൻ നിങ്ങളെ വിളിച്ചു പറഞ്ഞത് .വേറെ ആളുണ്ട് .എഴാം തിയ്യതിക്കകം വേണം .എന്തു പറയുന്നു ?" 15ലക്ഷം കൊടുത്താൽ കാര്യം നടക്കുമോ എന്നറിയാനാണ് ഈ കക്ഷി എത്തിയിരിക്കുന്നത് .
ഞാൻ ചോദിച്ചു :ഞാൻ എന്ത് പറയണം ?
കക്ഷി: ഒരു മറുപടി
ഞാൻ:ഒരു ലക്ഷം തിരിച്ചു വാങ്ങിക്കോ
പുള്ളി എഴുന്നേറ്റു മെല്ലെ നടന്നു .വാതുക്കൽ എത്തിയപ്പോൾ തിരിഞ്ഞു നിന്ന് പറഞ്ഞു "ശരി "